തിരുവനന്തപുരം ∙ സർവകലാശാലാ പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നു ഗവർണർ പി. സദാശിവം സർവകലാശാല വൈസ്ചാൻസലർമാർക്കു നിർദേശം നൽകി. കോളജ് ക്യാംപസുകൾ റാഗിങ്, പുകയില രഹിതമാക്കാൻ പ്രത്യേക പരിപാടി നടപ്പാക്കണമെന്നും വിദേശ സർവകലാശാലകളുടെ മാതൃകയിൽ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (മൂക്ക) തുടങ്ങണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ രണ്ടാമത്തെ യോഗത്തിൽ അധ്യയനനിലവാരമുയർത്താനുള്ള നിർദേശങ്ങളാണു ഗവർണർ മുന്നോട്ടുവച്ചത്.
അധ്യയനരംഗത്തു നൂതന ആശയങ്ങൾ നടപ്പാക്കണം. വിദേശത്തെ നിലവാരമുള്ള സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളുമായി സഹകരണവും വിദ്യാർഥി വിനിമയ പരിപാടികളുംനടപ്പാക്കണം. അക്കാദമിക് കലണ്ടർ പേരിന് ഉണ്ടാക്കിയാൽ മാത്രം പോരെന്നും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു. കോളജുകളിലെ ക്ലാസ്മുറികളിൽ പരീക്ഷ നടക്കുമ്പോൾ മാത്രം ക്യാമറകൾ പ്രവർത്തിപ്പിച്ചാൽ മതി. പരീക്ഷകളിൽ കോളജ് അധികൃതരുടെ പിന്തുണയോടെ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.
മികച്ച പ്രവർത്തനം നടത്തുന്ന സർവകലാശാലകൾക്ക് അഞ്ചുകോടി രൂപയുടെ അവാർഡ് നൽകും. ഇതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഉന്നതതല സമിതിരൂപവൽക്കരിക്കും. കഴിഞ്ഞ യോഗത്തിനു ശേഷം സർവകലാശാലകളിൽ നടത്തിയ ഭരണപരിഷ്കാരങ്ങളുടെ റിപ്പോർട്ട് വൈസ് ചാൻസലർമാർ അവതരിപ്പിച്ചു. യുജിസിയിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും പണം ലഭിക്കാത്തതിനാൽ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഗവർണറെ അറിയിച്ചു.