വിദ്യാര്‍ത്ഥികളെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നകറ്റുന്ന ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോളേജുകളും സ്‌കൂളുകളും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും വേണ്ടിവന്നാല്‍ സ്‌കൂളിലും കോളേജിലും റെയ്ഡ് നടത്താനും മടിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ വി.ജെ.ടി.ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിന് ബ്രാന്‍ഡ് അംബാസഡറായ മമ്മൂട്ടി അഭിനയിക്കുന്ന ലഘുചിത്രം തയ്യാറായി വരുന്നുണ്ടെന്നും ഈ ചിത്രം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്നുകടത്ത് ലോബിയുടെ വേരറുക്കാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മയക്കുമരുന്നുകടത്ത് തടയാന്‍ രഹസ്യാന്വേഷണം നടത്താനും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇതിന്റെ കണ്ണികളെ കണ്ടെത്തണം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഡി.ജെ.പാര്‍ട്ടികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മദ്യവും മയക്കുമരുന്നും പ്രചരിപ്പിക്കുന്ന മറ്റു കേന്ദ്രങ്ങളും റെയ്ഡ് ചെയ്യുമെന്നും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയില്‍ നിന്നും വിതരണം ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിമുക്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി എല്ലാ ജനവിഭാഗവും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.ജി.പി. പത്മകുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാം, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷഫീന്‍ അഹമ്മദ്, ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കിടേഷ്, ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍, കണ്‍ട്രോള്‍ റൂം എ.സി.പി. പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മയക്കുമരുന്നുകളുടെ ഉപയോഗം മനുഷ്യന്റെ ബുദ്ധിവികാസത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ക്ലാസെടുത്തു.